സമൂഹ മാധ്യമങ്ങളിൽ റമദാൻ തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

featured GCC News

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന വ്യാജേന, വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

നിയമാനുസൃത സംഘടനകളെ അനുകരിക്കുന്ന വ്യാജ ചാരിറ്റി ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി.

സമ്മാനങ്ങൾ നേടിയെന്ന് ഇരകളെ വിശ്വസിപ്പിച്ച് കൊണ്ട് പ്രതിഫലം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പണമടയ്ക്കുന്നതിനോ, വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനോ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതായി അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി വിശദീകരിച്ചു.

ഇത്തരം മത്സരങ്ങളുടെ ആധികാരികത പരിശോധിക്കാനും സ്വകാര്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെയും സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

അംഗീകൃത സംഘടനകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും മാത്രം സംഭാവന നൽകാൻ ജനങ്ങളോട് മേജർ ജനറൽ അൽ റാഷിദി അഭ്യർത്ഥിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800 2626 എന്ന നമ്പറിൽ അബുദാബി പോലീസ് ഹോട്ട്‌ലൈൻ വഴിയോ 2828 എന്ന നമ്പറിലേക്ക് എസ് എം എസ് വഴിയോ www.aman.gov.ae വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.