അബുദാബി: മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

UAE

എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് അനുഭവപ്പെടുന്ന കാലാവസ്ഥയിൽ എമിറേറ്റിലെ റോഡുകളിൽ ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളതായും പോലീസ് കൂട്ടിച്ചേർത്തു.

തൊഴിലാളികൾക്ക് യാത്ര സേവനങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്ന ബസുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. എമിറേറ്റിലെ റോഡുകളിലെ സുരക്ഷ ഉയർത്തുന്നതിനും, റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ഇത്തരം ഒരു നിയന്ത്രണം.

ഈ വിലക്ക് മറികടക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.