നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

UAE

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടിയ വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നമ്പർപ്ലേറ്റ് മറയ്ക്കപ്പെട്ട ഒരു വാഹനത്തിന്റെ ദൃശ്യം പങ്ക് വെച്ച് കൊണ്ടാണ് ഡ്രൈവർമാർക്ക് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

നമ്പർ പ്ലേറ്റ് മറയ്ക്കുക, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തികൾ എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും, ഇത്തരം ലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കാണുന്നവർ അക്കാര്യം ഉടൻ അധികൃതരെ അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.