നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി; 400 ദിർഹം പിഴ ചുമത്തും

UAE

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്നും അബുദാബി പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്. ഇത്തരത്തിൽ നമ്പർപ്ലേറ്റ് മറയ്ക്കപ്പെട്ട വാഹനങ്ങളുടെ ദൃശ്യം സഹിതമാണ് ഡ്രൈവർമാർക്ക് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ എമിറേറ്റിലുടനീളം ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ അക്കാര്യം ഉടൻ അധികൃതരെ അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.