എമിറേറ്റിലെ റോഡുകളിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പില്ലാതെ അശ്രദ്ധമായി ലെയിൻ മാറുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ 600 ദിർഹം വരെ പിഴ ലഭിക്കുന്നതിന് കാരണമാകുമെന്ന് പൊതുജനങ്ങളെ അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ലംഘനങ്ങൾ സംബന്ധിച്ച പിഴ തുകകളെക്കുറിച്ച് പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്:
- റോഡുകളിൽ കൃത്യമായ രീതിയിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക, പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ കടത്തിവിടാതെ വാഹനങ്ങൾ ഓടിക്കുക, ഇടത് വശം ചേർന്ന് കടന്ന് പോകുന്നതിനായി വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുക എന്നീ പ്രവർത്തികൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.
- തെറ്റായ രീതിയിൽ വലത് വശം ചേർന്ന് വാഹനങ്ങളെ മറികടക്കുന്നവർക്ക് 600 ദിർഹം പിഴ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.
എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന അവസരത്തിലും, നാൽക്കവലകൾ മുറിച്ച് കടക്കുന്ന അവസരത്തിലും, ഒരു റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്ന അവസരത്തിലും ലെയിൻ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.