എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. എല്ലാതരത്തിലുള്ള ഭിക്ഷാടനവും കുറ്റകൃത്യമായി കണക്കാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ സംവിധാനങ്ങളിലൂടെ ഭിക്ഷാടനം നടത്തുന്ന വ്യക്തികൾക്ക് 3 മാസം വരെ തടവും, 5000 ദിർഹം പിഴയും ചുമത്തുന്നതാണ്. രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
സംഘടിത ഭിക്ഷാടക സംഘങ്ങളുടെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവർക്ക് 5000 ദിർഹം പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.