അബുദാബി: ഡിസംബർ 30 മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു

featured GCC News

യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 30, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഡിസംബർ 28-നാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഡിസംബർ 19 മുതൽ നടപ്പിലാക്കിയിട്ടുള്ള EDE COVID-19 സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് പുറമെ, ഡിസംബർ 30 മുതൽ ഏർപ്പെടുത്തുന്ന പ്രവേശന നടപടിക്രമങ്ങളാണ് കമ്മിറ്റി ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാന പ്രകാരം ഡിസംബർ 30 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • EDE COVID-19 സ്കാനറുകൾ ഉപയോഗിച്ചുള്ള ദ്രുത പരിശോധനകൾ തുടരുന്നതാണ്.
  • മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.
  • അബുദാബിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള നെഗറ്റീവ് PCR ഫലം നിർബന്ധമാണ്.

പൊതു സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പ്രവേശന നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ഈ തീരുമാനം.

അബുദാബിയിൽ നിലവിൽ രേഖപ്പെടുത്തുന്ന തീരെ കുറഞ്ഞ COVID-19 രോഗവ്യാപന സാഹചര്യം തുടരുന്നതിനായാണ് ഡിസംബർ 19 മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചത്.