വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. ഇത്തരം ശീലങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ഒരു വീഡിയോ ദൃശ്യവും പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മൂലമുണ്ടായ അശ്രദ്ധയെത്തുടർന്ന് സിഗ്നലിൽ ഒരു കാർ അപകടത്തിൽ പെടുന്നത് വ്യക്തമാക്കുന്നതിനായാണ് പോലീസ് ഈ ദൃശ്യം പങ്ക് വെച്ചിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് അബുദാബി പോലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിച്ച് കൊണ്ട് സന്ദേശങ്ങൾ അയക്കുന്നതും, ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നതിനാൽ ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ശീലങ്ങൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴ, 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
Cover Image: Screengrab from the video shared by Abu Dhabi Police.