വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
റോഡിലെ ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനമാണ് വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതായും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ, അല്ലെങ്കിൽ മറ്റു ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നവരേക്കാൾ അപകടം ഉണ്ടാക്കുന്നതിനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് കാരണമാകുന്ന ഒരു ട്രാഫിക് നിയമലംഘനമാണ് ഡ്രൈവ് ചെയ്യുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബിയിൽ 800 ദിർഹം പിഴ, 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

