യു എ ഇ: ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

GCC News

രാജ്യത്ത് ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (TRA) കീഴിലുള്ള aeCERT ജൂലൈ മാസത്തിൽ 120,038 സൈബർ ആക്രമണങ്ങളെയാണ് നിഷ്‌ഫലമാക്കിയത്. യു എ ഇ സർക്കാർ മേഖലയുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സുരക്ഷാ സംഭവവികാസങ്ങളെക്കുറിച്ച്‌ മാസം തോറും TRA പുറത്തുവിടുന്ന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ രേഖപെടുത്തിയിട്ടുള്ളത്.

ഈ റിപ്പോർട്ട് പ്രകാരം ജൂലൈയിൽ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ, 78 ശതമാനവും കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളായ മാൽവെയറുകളുമായി ബന്ധപ്പെട്ടതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം, മറ്റു സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ എന്നിവയിലെ ഭേദിക്കാവുന്ന വിവിധ പാളിച്ചകൾ മുതലെടുക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ 11 ശതമാനവും, വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വിവരങ്ങൾ ചോർത്തുന്ന ഫിഷിങ് ആക്രമണങ്ങൾ 11 ശതമാനവുമാണ് ജൂലൈയിൽ നേരിടേണ്ടി വന്നത്. ഇമെയിൽ തട്ടിപ്പുകൾ, കമ്പ്യൂട്ടറുകളുടെ സുരക്ഷാ ഭേദനം മുതലായ 181 സൈബർ കുറ്റകൃത്യങ്ങളും aeCERT ഈ കാലയളവിൽ കൈകാര്യം ചെയ്യുകയുണ്ടായി.

2020 ജൂൺ മാസത്തിൽ 103408 സൈബർ ആക്രമണങ്ങളെയാണ് aeCERT നിഷ്‌ഫലമാക്കിയത്. ജൂണിൽ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ, 73 ശതമാനവും മാൽവെയറുകളുമായി ബന്ധപ്പെട്ടതായിരുന്നു. സോഫ്റ്റ്‌വെയർ പാളിച്ചകൾ മുതലെടുക്കുന്ന ആക്രമണങ്ങൾ 15 ശതമാനവും, ഫിഷിങ് ആക്രമണങ്ങൾ 12 ശതമാനവുമാണ് ജൂണിൽ നേരിടേണ്ടി വന്നത്.

യു എ ഇയിലെ ഇന്റർനെറ്റ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, രാജ്യത്തെ IT രംഗത്തിന്റെ സുഗമമായ നടത്തിപ്പിനുമായാണ് 2008-ൽ aeCERT രൂപീകരിച്ചത്.