ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്ട്സ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം അവലോകനം ചെയ്തു. 2022 ജൂൺ 15-നാണ് അദ്ദേഹം നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ നേരിട്ടെത്തി അവലോകനം ചെയ്തത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം നോർത്ത് റൺവെ 2022 ജൂൺ 22 മുതൽ വ്യോമഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 ദിവസം നീണ്ട് നിൽക്കുന്ന ഈ വികസനപ്രവർത്തനങ്ങൾ സമയക്രമം പാലിച്ച് കൊണ്ട് നടന്ന് വരുന്നതായി അവലോകനത്തിന് ശേഷം അധികൃതർ വിലയിരുത്തി.
എൻജിനീയർമാർ, വിദഗ്‌ദ്ധർ, തൊഴിലാളികൾ എന്നിവരുൾപ്പെടെ 4200 പേരാണ് നോർത്ത് റൺവേ വികസനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് റൺവെയുടെ സെൻട്രൽ സ്ട്രിപ്പിന്റെ 4500 മീറ്റർ നീളമുള്ള മുഴുവൻ ഭാഗവും പുനർനിർമ്മിക്കുന്നതാണ്.
റൺവേ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾക്കായി 2022 മെയ് 9 മുതലാണ് നോർത്ത് റൺവേ അടച്ചത്.
മെയ് 9 മുതൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഒരു റൺവേ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. യാത്രാ തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 45 ദിവസം നീണ്ട് നിൽക്കുന്ന ഈ കാലയളവിൽ ആഴ്ച്ച തോറും ഏതാണ്ട് ആയിരത്തിലധികം വിമാനസർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്ന് യാത്രകൾ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.
WAM