2021 ഏപ്രിൽ 22, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക്, പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. എയർ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 19-ന് വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22-ന് 00:01മുതൽ ഇന്ത്യയിൽ നിന്ന് ദുബായ് എയർപോർട്ടിലേക്ക് സഞ്ചരിക്കുന്ന മുഴുവൻ യാത്രികരും താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുള്ളത്.
- പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- ഇത്തരം ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റുകളിൽ പരിശോധനകൾക്കായി സ്രവം സ്വീകരിച്ച തീയ്യതി, സമയം എന്നിവയും, പരിശോധനാ ഫലം ലഭ്യമാക്കുന്ന തീയ്യതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയതായി ഉറപ്പാക്കേണ്ടതാണ്.
- യാത്ര പുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളായിരിക്കണം. ഇത്തരം സർട്ടിഫിക്കറ്റുകളിൽ നെഗറ്റീവ് റിസൾട്ട് കൃത്യമായി അറബിക് അല്ലെങ്കിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കണം.
- RT-PCR നെഗറ്റീവ് റിസൾട്ട് സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കുന്നതിനുള്ള QR കോഡ് അടങ്ങിയ റിസൾട്ടുകളാണെന്ന് ഉറപ്പാക്കേണ്ടതാണ്. ദുബായിലെത്തിയ ശേഷം ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ ഈ QR കോഡ് ഉപയോഗിച്ച് സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതാണ്.