ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA അനുമതിയുള്ള യാത്രികർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ICA മുൻകൂർ അനുമതി നൽകിയിട്ടുള്ള റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് മാത്രമാണ് അബുദാബി, ഷാർജ, റാസ് അൽ ഖൈമ എയർപോർട്ടുകളിലൂടെ പ്രവേശനം അനുവദിക്കുന്നതെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. https://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ സംബന്ധമായ ഈ നിബന്ധനകൾ അറിയിച്ചിട്ടുള്ളത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് യു എ യിലേക്ക് യാത്രാനുമതി നൽകുന്നത്:
- യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ. ഇവർക്ക് യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർ രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. ഇവർക്ക് യു എ ഇ അധികൃതരിൽ നിന്ന് ലഭിച്ച മടങ്ങിയെത്തുന്നതിനുള്ള മുൻകൂർ അനുമതി ഉണ്ടായിരിക്കണം.
- വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ പൗരന്മാർ, ഗോൾഡൻ, സിൽവർ വിസകളുള്ളവർ.
- വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഡോക്ടർ, നുഴ്സ് മുതലായ ആരോഗ്യ മേഖലയിലെ ജീവനക്കാർ.
- വാക്സിനെടുത്തവരും, അല്ലാത്തവരുമായ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
- വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർ.
- വാക്സിനെടുത്തവരും, അല്ലാത്തവരുമായ എക്സ്പോ 2020-യിൽ ഔദ്യോഗികമായി പങ്കെടുക്കുന്നവർ.
- ഇതിന് പുറമെ, വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ അധികൃതരുടെ അനുവാദമുള്ള മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള റെസിഡൻസി വിസക്കാർ, യു എ ഇയിൽ ചികിത്സകൾക്കായി പോകുന്നവർ എന്നിവർ.
യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ താഴെ പറയുന്ന പോർട്ടലുകളിൽ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യു എ ഇ അധികൃതർക്ക് പരിശോധനകൾക്കായി സമർപ്പിക്കേണ്ടതാണ്:
- ദുബായ് റെസിഡൻസി വിസകളിലുള്ളവർ – https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിൽ.
- മറ്റു എമിറേറ്റുകളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർ – https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിൽ.
മുഴുവൻ യാത്രികരും താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം യു എ ഇ അധികൃതരിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മുൻകൂർ അനുമതി നേടിയിരിക്കണം:
ദുബായ് വിസകളിലുള്ള യാത്രികർ:
- ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്നുള്ള മുൻകൂർ പ്രവേശനാനുമതി നേടിയിരിക്കണം.
- 2021 ഓഗസ്റ്റ് 5-ന് മുൻപായി GDRFA നൽകിയിട്ടുള്ള അനുമതികൾ പരിഗണിക്കുന്നതല്ല. ഇത്തരം യാത്രികർ GDRFA-യിൽ നിന്ന് മുൻകൂർ അനുമതിക്കായി പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2021 ഓഗസ്റ്റ് 5 മുതൽ അനുവദിക്കുന്ന GDRFA മുൻകൂർ അനുമതികൾ നിർബന്ധമാണ്.
- ദുബായ് വിസകളിലുള്ളവർക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിലൂടെ GDRFA മുൻകൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
- ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA മുൻകൂർ അനുമതി ലഭിച്ച യാത്രികർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്ക് പ്രവേശനം നൽകുന്നത്. മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതല്ല.
മറ്റു എമിറേറ്റുകളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർ:
- ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുമതി നേടിയിരിക്കണം.
- https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻകൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
- ICA-യുടെ മുൻകൂർ അനുമതിയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബി, ഷാർജ, റാസ് അൽ ഖൈമ എയർപോർട്ടുകളിലൂടെ പ്രവേശനം അനുവദിക്കുന്നത്.
യു എ ഇയിലേക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാകുന്ന മറ്റു യാത്രാ നിബന്ധനകൾ:
- യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
- യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഇവർക്ക് യു എ ഇയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.
- യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ യാത്രാ സമയത്തിന് ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റാസ് അൽ ഖൈമയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള നിബന്ധനകൾ:
- 10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
- കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
- റാസ് അൽ ഖൈമയിലെത്തിയ ശേഷം 4, 8 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.