ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി. ഇത്തരത്തിൽ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ കൈവശം കരുതേണ്ട രേഖകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പുതുക്കിയ അറിയിപ്പിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകിയിട്ടില്ല. GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും വാക്സിൻ സ്റ്റാറ്റസ് പരിശോധിക്കാതെ തന്നെ യാത്രാനുമതി നൽകിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്. https://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ ലഭ്യമാണ്.
ഈ അറിയിപ്പ് പ്രകാരം സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് താഴെ പറയുന്ന യാത്രാ രേഖകളുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യാവുന്നതാണ്:
- ദുബായ് റെസിഡൻസി വിസകളിലുള്ള, ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്ന് ലഭിക്കുന്ന മുൻകൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
- മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് (ICA) ലഭിക്കുന്ന മുൻകൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
ദുബായ് എക്സ്പോ 2020 സംഘാടകർ അനുവദിച്ചിട്ടുള്ള വിസകളിൽ യാത്ര ചെയ്യുന്നവർക്ക് GDRFA അല്ലെങ്കിൽ ICA മുൻകൂർ അനുമതി ആവശ്യമില്ല.
യു എ ഇയിലേക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാകുന്ന യാത്രാ നിബന്ധനകൾ:
- യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ റിസൾട്ട് ICMR അംഗീകൃത ലാബിൽ നിന്നുള്ളതായിരിക്കണം. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ ഒറിജിനൽ റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയ QR കോഡ് നിർബന്ധമാണ്. വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 48 മണിക്കൂറിനിടയിൽ സ്രവം സ്വീകരിച്ചിട്ടുള്ള പരിശോധനാ ഫലങ്ങളാണ് അനുവദിക്കുന്നത്.
- യാത്ര പുറപ്പെടുന്ന ഇന്ത്യൻ എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ റാപിഡ് PCR ടെസ്റ്റ് വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 4 മണിക്കൂറിനിടയിൽ നടത്തിയതായിരിക്കണം.
- യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് നടത്തുന്ന റാപിഡ് PCR ടെസ്റ്റ് കണക്കിലെടുത്ത് വിമാന സമയത്തിന് ആറ് മണിക്കൂർ മുൻപായി യാത്രികർ എയർപോർട്ടിൽ നിർബന്ധമായും ഹാജരാകേണ്ടതാണ്. വിമാനം യാത്ര പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപ് ഈ റാപിഡ് PCR ടെസ്റ്റ് കൗണ്ടറിൽ നിന്നുള്ള സേവനം നിർത്തുന്നതാണ്.
അബുദാബിയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:
- 12 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
- കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
- അബുദാബിയിലെത്തിയ ശേഷം 6, 11 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.
റാസ് അൽ ഖൈമയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:
- 10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
- കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
- റാസ് അൽ ഖൈമയിലെത്തിയ ശേഷം 4, 8 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.