അജ്‌മാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സ്ഥിരീകരിച്ച് മുനിസിപ്പാലിറ്റി

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2024 ജനുവരി 13-നാണ് അജ്‌മാൻ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

ഇത്തരം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം യു എ ഇയിൽ നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ ‘2022/ 380’ എന്ന ഔദ്യോഗിക ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി അജ്‌മാനിലെ വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ, ചില്ലറ വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

ഈ തീരുമാനം 2024 ജനുവരി 1 മുതൽ അജ്‌മാനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ തീരുമാനം സംബന്ധിച്ച സംശയങ്ങളുടെ നിവാരണത്തിനായി 80070 എന്ന ഹോട്ട്ലൈനിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായ്, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ തുടങ്ങിയ എമിറേറ്റുകളിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി എമിറേറ്റിൽ ഏർപ്പെടുത്തിയ നിരോധനം 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.