അജ്‌മാൻ: റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ റദ്ദാക്കി

UAE

എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇഫ്താർ ഭക്ഷണ വിതരണത്തിനായി ഇഫ്താർ സംഗമങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സംവിധാനം ഒരുക്കുന്നതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിലും വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഭക്ഷണപൊതികളുടെ എണ്ണം സംബന്ധിച്ച് കൗൺസിലിനെ അറിയിക്കാൻ എമിറേറ്റിലെ മുഴുവൻ സന്നദ്ധസംഘടനകളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ടുള്ള ഭക്ഷണ വിതരണം ഉറപ്പാക്കാനും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളികൾ, പാർപ്പിട കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ഇത്തരം ഭക്ഷണ വിതരണം നേരിട്ട് അനുവദിക്കില്ലെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മേഖലയിലെയും ഭക്ഷണവിതരണം സംബന്ധിച്ച് കൗൺസിലുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം മാത്രമാണ് അനുവാദം നൽകുന്നത്. ഇത്തരം ഭക്ഷണപ്പൊതികൾ ആവശ്യക്കാരിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനുള്ള നടപടികൾ കൗൺസിൽ ഉറപ്പാക്കുന്നതാണെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ മറിയം അലി അൽ മാമരി അറിയിച്ചു.