10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം കൈവരിച്ച അൽ ഐൻ മൃഗശാല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു. 2024 ജനുവരി 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2010-ൽ അൽ ഐൻ മൃഗശാല സ്ഥാപിച്ചത് മുതൽ 2023 ഡിസംബർ അവസാനം വരെയുള്ള കാലയളവിലാണ് ഇവിടെ 10 ദശലക്ഷം സന്ദർശകർ എത്തിയത്.
ഈ നേട്ടം കൈവരിച്ച നിമിഷത്തിൽ മൃഗശാലയിലെത്തിയ സന്ദർശകയെ വി ഐ പി സർവീസസ് യൂണിറ്റ് ഹെഡ് നൗറ അബ്ദുൽ റസാഖ് അൽ ഖേമേയ്രി സ്വീകരിച്ചു. സാറാ അലി അൽ നുഐമി എന്ന ഈ സന്ദർശകയ്ക്ക് മൃഗശാലയിലേക്കുള്ള ഒരു വർഷത്തെ സൗജന്യ വാർഷിക അംഗത്വം ഉൾപ്പെടുന്ന ഒരു പ്രത്യേക ഉപഹാരം നൽകി.
10 ദശലക്ഷം എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കുന്ന സന്ദർശകന് ഈ മൃഗശാലയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാനാകുന്ന ഒരു വർഷത്തെ സൗജന്യ വാർഷിക അംഗത്വം നൽകുന്നതാണെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സൗജന്യ വാർഷിക അംഗത്വം ഈ സന്ദർശകയ്ക്കും അവരുടെ കുടുംബത്തിനും പ്രയോജനപ്പെടുത്താവുന്നതാണ്.
ഇക്കോടൂറിസത്തെ പിന്തുണയ്ക്കുന്നതിലും, പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും അൽ ഐൻ മൃഗശാല വഹിക്കുന്ന പങ്ക് എടുത്ത് കാട്ടുന്നതാണ് ഈ നേട്ടം. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തുടർച്ചയായി ആകർഷിക്കുന്ന ഒരു മൃഗശാലയാണിത്.
വന്യജീവി സംരക്ഷണത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുമായി മൃഗശാലയുടെ സംരംഭങ്ങൾക്കും പരിപാടികൾക്കും സംഭാവന നൽകുന്ന സന്ദർശകരെ ആദരിക്കുന്നതിനാണ് അൽ ഐൻ സൂ ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചത്.
Cover Image: Abu Dhabi Media Office.