അൽ മുഘേയ്റ വാക്, മുഘേയ്റ ബേ എന്നീ രണ്ട് പദ്ധതികൾ അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു. അൽ ദഫ്റ മേഖലയിലെ ബാബ് അൽ നുജൂം – അൽ മുഘേയ്റ റിസോർട്ടിന് സമീപത്താണ് ഈ പദ്ധതികൾ നിർമ്മിച്ചിരിക്കുന്നത്.
മോഡോൺ പ്രോപ്പർറ്റീസാണ് ഈ രണ്ട് വാട്ടർഫ്രണ്ട് പദ്ധതികൾ പണിതീർത്തത്. 12 ഹെക്ടർ വിസ്തൃതിയിലാണ് മുഘേയ്റ ബേ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.

ചില്ലറ വില്പനശാലകൾ, വിനോദകേന്ദ്രം, വാട്ടർ പാർക്ക്, സ്കേറ്റിംഗ് റിങ്ക്, ഔട്ഡോർ ഗെയിമിംഗ് ഏരിയ, ഓപ്പൺ-എയർ ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ കോർട്ടുകൾ, സൈക്ലിംഗ് പാത, പെയിന്റ് ബാൾ, ലേസർ ടാഗ് സെന്റർ എന്നിവ മുഘേയ്റ ബേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

കണ്ടൽ ചെടികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിലനിർത്തുന്ന രീതിയിലാണ് അൽ മുഘേയ്റ വാക് പദ്ധതി പണിതീർത്തിരിക്കുന്നത്.

2 കിലോമീറ്റർ നീളത്തിൽ തടിയില്‍ നിര്‍മ്മിച്ച പാതയിലൂടെ സന്ദർശകർക്ക് ഈ കണ്ടൽകാടിലൂടെ നടക്കാൻ അവസരം ലഭിക്കുന്നു.

ഈ പാതയിൽ കണ്ടൽച്ചെടികളെ അടുത്ത് കാണുന്നതിനും, പക്ഷികളെയും, തുറന്ന കടലിനെയും നിരീക്ഷിക്കുന്നതിനുമായി സന്ദർശകർക്ക് പ്രത്യേക ടവറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ടൽ ചെടികളെക്കുറിച്ചും, കണ്ടൽവനങ്ങളിലെ ആവാസവ്യവസ്ഥയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചും സന്ദർശകർക്ക് അറിവ് പകരുന്നതിനായി പ്രത്യേക പഠനപരിപാടികളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.