ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി. 2022 നവംബർ 22-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകത്തെ ഏറ്റവും നീളമേറിയ ഇടമുറിയാത്ത രീതിയിലുള്ള സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടമാണ് അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് സ്വന്തമാക്കിയത്. ദുബായിയുടെ തെക്കുകിഴക്കൻ പ്രദേശത്തുള്ള അൽ ഖുദ്ര മേഖലയിലാണ് അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് സ്ഥിതി ചെയ്യുന്നത്.
80.6 കിലോമീറ്റർ നീളമുള്ള അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് 2020-ൽ മറ്റൊരു സൈക്ലിംഗ് ട്രാക്ക് സ്ഥാപിച്ച ഗിന്നസ് റെക്കോർഡാണ് മറികടന്നത്. 33 കിലോമീറ്ററായിരുന്നു പഴയ റെക്കോർഡ്.
അൽ ഖുദ്ര സൈക്കിൾ പാത തുടങ്ങുന്ന ഇടത്ത് വെച്ച് നടന്ന ചടങ്ങിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രതിനിധി ഇക്കാര്യം പ്രഖ്യാപിച്ചത്.
തുടർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ട്രാഫിക്സ് ആൻഡ് റോഡ്സ് ഏജൻസി സി ഇ ഓ മൈത ബിൻ അദൈ ഇതിന്റെ ഓർമ്മയ്ക്കായി ഇവിടെ ഒരു മാർബിൾ ഫലകം അനാച്ഛാദനം ചെയ്തു.