ചരിത്രപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല ഒക്ടോബർ 31 മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. തുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉലയിലെ ഏതാനം പൈതൃക ഇടങ്ങൾ, മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഒക്ടോബർ 31 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) വ്യക്തമാക്കി.
UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഹെഗ്ര, പുരാതന നഗരിയായ ദദാൻ, ജബൽ ഇക്മാഹ് മലയിടുക്ക് എന്നീ മേഖലകളാണ് അൽ-ഉലയിൽ ആദ്യ ഘട്ടത്തിൽ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കായി മേഖലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഏതാണ്ട് രണ്ട് വർഷത്തോളമായി നിർത്തിവെച്ചിരിക്കുകയാണ്.
മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 30, 31 തീയ്യതികളിൽ അൽ ഉല നിവാസികൾക്ക് ഈ പൈതൃക ഇടങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അവസരം നൽകുമെന്നും RCU അറിയിച്ചു. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം അനുവദിക്കുന്ന രീതിയിലായിരിക്കും ഈ രണ്ട് ദിവസം സൗജന്യ പ്രവേശനം നടപ്പിലാക്കുന്നത്.
https://experiencealula.com/en/Pages/default.aspx എന്ന വിലാസത്തിലൂടെ സന്ദർശകർക്ക് തുടർന്നുള്ള ദിവസങ്ങളിലെ പ്രവേശന ബുക്കിംഗ് സംബന്ധമായ വിവരങ്ങൾ അറിയാവുന്നതാണ്. സന്ദർശകരെ സ്വീകരിക്കുന്നതിനായി മികച്ച സൗകര്യങ്ങളാണ് അൽ ഉലയിൽ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ വിമാനത്താവളം, യാത്രാ സൗകര്യങ്ങൾ, സന്ദർശകർക്കുള്ള സേവനങ്ങൾക്കായി രണ്ട് കേന്ദ്രങ്ങൾ എന്നിവ സഞ്ചാരികൾക്കായി RCU തയ്യാറാക്കിയിട്ടുണ്ട്.
ഈ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ ഈ വർഷം ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു. 2035-ഓടെ അൽ ഉല മേഖലയിൽ പ്രതീക്ഷിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിലെ വലിയ വർദ്ധനവ് കണക്കിലെടുത്ത് ഈ വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 300 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
2035-ഓടെ അൽ ഉലയിലേക്ക് വർഷം തോറും ഏതാണ്ട് 2 ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് അൽ ഉലയിലേക്ക് സൗദിയ വിമാനസർവീസുകൾ നടത്തുന്നുണ്ട്.
സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നിർദ്ദേശങ്ങളും RCU നൽകിയിട്ടുണ്ട്:
- പ്രവേശനം മുൻകൂർ ബുക്കിംഗ് വഴി മാത്രമാണ് അനുവദിക്കുന്നത്.
- സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.
- സമൂഹ അകലം ഉറപ്പാക്കുന്നതിനായി ഓരോ മേഖലയിലേക്കും ഒരേ സമയം പ്രവേശനാനുവാദം നൽകുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- കർശനമായ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതാണ്.
- സന്ദർശകർക്ക് മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
Cover Photo: Royal Commission for AlUla (rcu.gov.sa)