ദുബായ്: സന്ദർശക വിസകളിലെത്തുന്നവർക്ക് പുതിയ യാത്രാ നിബന്ധനകൾ; സാധുതയുള്ള റിട്ടേൺ ടിക്കറ്റ് നിർബന്ധം

GCC News

ഇന്ത്യ ഉൾപ്പടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി. സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായ് ഇൻറ്റർനാഷണൽ എയർപോർട്ട് (DXB), അൽ മക്തൂം ഇൻറ്റർനാഷണൽ എയർപോർട്ട് (DWC) എന്നീ വിമാനത്താവളങ്ങളിലൂടെ ദുബായിലേക്ക് പ്രവേശിക്കുന്നവർക്ക് സാധുതയുള്ള റിട്ടേൺ ടിക്കറ്റ് നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

https://twitter.com/FlyWithIX/status/1316729834882568192

ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ നിബന്ധന ബാധകമാണെന്നാണ് സൂചന.

പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന ആശയക്കുഴപ്പം മൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദുബായ് എയർപോർട്ടിൽ ഇന്ത്യക്കാർ ഉൾപ്പടെ ഏതാനം യാത്രികർക്ക് പ്രവേശനാനുമതി നിഷേധിക്കുകയും, ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന സാഹചര്യവും ഉടലെടുത്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏതാണ്ട് 200 യാത്രികരാണ് ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇതിൽ ഭൂരിപക്ഷം പേരെയും നാട്ടിലേക്ക് തിരിച്ചയച്ചതായി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിനെ തുടർന്ന് പുതിയ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ വിമാനകമ്പനികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുബായിലേക്കുള്ള സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ യാത്ര ചെയ്യുന്നത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രകാരം സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്നവർക്ക് സാധുതയുള്ള റിട്ടേൺ ടിക്കറ്റ് നിർബന്ധമാണ്. ഇത് പാലിക്കാതെ ദുബായിലെത്തുന്ന യാത്രികരെ, വിമാനകമ്പനിയുടെ ചെലവിൽ യാത്ര പുറപ്പെട്ട ലക്ഷ്യസ്ഥാനത്തേക്ക് തന്നെ തിരിച്ചയക്കുന്നതാണ്.

ഇതിനു പുറമെ, ഇത്തരം വിസകളിലെത്തുന്നവർ കൈവശം ഏറ്റവും ചുരുങ്ങിയത് 2000 ദിർഹം കരുതേണ്ടതാണെന്ന് ട്രാവൽ ഏജൻസികളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിമാനകമ്പനികൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

COVER PHOTO: Dubai International (@DXB)