കുവൈറ്റ്: കഴിഞ്ഞ വർഷം നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

GCC News

2020-ൽ ഏതാണ്ട് നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദ് ചെയ്തതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോയുടെ 2020-ലെ ഔദ്യോഗിക റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം, 2020-ൽ കുവൈറ്റിൽ 447000-ത്തോളം റെസിഡൻസി പെർമിറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിൽ 276000 പെർമിറ്റുകൾ കുവൈറ്റിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുത്തിരുന്ന ജീവനക്കാരുടേതാണ്. റദ്ദാക്കപ്പെട്ട 14000-ത്തോളം റെസിഡൻസി പെർമിറ്റുകൾ സർക്കാർ മേഖലയിൽ തൊഴിലെടുത്തിരുന്നവരുടേതാണ്.

2020-ൽ 94000 ഗാർഹിക ജീവനക്കാർ കുവൈറ്റിൽ നിന്ന് മടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമെ, ഫാമിലി റെസിഡൻസി പെർമിറ്റുകളിലുണ്ടായിരുന്ന 63000-ത്തോളം പേരും കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് മടങ്ങിയിട്ടുണ്ട്. 2020-ൽ 30588 പുതിയ റെസിഡൻസി പെർമിറ്റുകളാണ് കുവൈറ്റ് ആകെ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറവ് പുതിയ പ്രവാസികളുടെ എണ്ണമാണിത്.