യു എ ഇ: വിവേചനപരമായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി

GCC News

യു എ ഇ നിയമങ്ങൾ പ്രകാരം, വിവേചനപരമായ ഏതൊരു പെരുമാറ്റവും കടുത്ത ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. വിവേചനപരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ, കുറ്റം തെളിയുന്ന പക്ഷം, ചുരുങ്ങിയത് 5 വർഷം തടവ്‌ ശിക്ഷയും, 1 മില്യൺ ദിർഹം പിഴയും ചുമത്താവുന്നതാണ്.

പൊതുജനങ്ങളോട് എല്ലാ തരത്തിലുള്ള വിവേചനപരമായ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വിദ്വേഷം പരത്തുന്നതും, വിവേചനപരവുമായ പ്രവർത്തനങ്ങൾ, യു എ ഇ പുലർത്തുന്ന ഉയർന്ന സഹിഷ്ണുതാ മനോഭാവത്തിനെതിരാണെന്ന് അധികൃതർ വ്യക്തമാക്കി. 5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ, ചുരുങ്ങിയത് 5 വർഷം തടവോ, ഇവ രണ്ടും ചേർന്നോ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവർക്കെതിരെ ചുമത്താവുന്നതാണെന്നും അധികൃതർ ഓർമിപ്പിച്ചു.

വിദ്വേഷം, പക, മതപരവും, വംശീയപരവുമായ നിന്ദ എന്നിവ ഉൾകൊള്ളുന്ന ഏതൊരുതരത്തിലുള്ള വിവേചനപരമായ സന്ദേശങ്ങളും, എഴുത്തിലൂടെയോ, വാക്കുകളിലൂടെയോ, ശബ്ദരൂപത്തിലോ, ദൃശ്യരൂപത്തിലോ അച്ചടിമാധ്യമങ്ങളിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റ് മാർഗങ്ങളിലൂടെയോ പങ്ക് വെക്കുന്നതും, പ്രചരിപ്പിക്കുന്നതും യു എ ഇയിൽ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.