കുവൈറ്റ്: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ

GCC News

രാജ്യത്ത് ആർട്ടിക്കിൾ 20 (ഗാർഹിക ജീവകർക്ക്) പ്രകാരമുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി സാധുത റദ്ദാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഡിസംബർ 1, അല്ലെങ്കിൽ അതിന് മുൻപുള്ള തീയതികളിൽ കുവൈറ്റിൽ നിന്ന് മടങ്ങിയിട്ടുള്ള ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി കാലാവധി, തിരികെയെത്താത്ത പക്ഷം, 2022 മെയ് 31-ന് അവസാനിക്കുന്നതാണ്.

അടിയന്തിര ഘട്ടങ്ങളിൽ സാധുത നീട്ടി ലഭിക്കേണ്ട സാഹചര്യങ്ങളിൽ ഇത്തരം തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി ബന്ധപ്പെട്ട് കൊണ്ട് കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത്തരം അപേക്ഷകൾ 2022 മെയ് 31-ന് മുൻപായി സമർപ്പിക്കേണ്ടതാണ്.