സൗദി: പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്ക് 2 വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

GCC News

രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം കേട് വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുകയും, അവയുമായി ബന്ധപ്പെട്ട നിർമ്മിതികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന എല്ലാ തരം പ്രവർത്തനങ്ങളും സൗദിയിലെ പബ്ലിക് യൂട്ടിലിറ്റീസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന് കീഴിൽ നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഇത്തരം സംവിധാനങ്ങളെ മനപ്പൂർവം തടസപ്പെടുത്തുന്ന വ്യക്തികൾക്കും, അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾക്ക് സൗദി അറേബ്യയിൽ 2 വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി വരുന്ന തുക ശിക്ഷ ലഭിക്കുന്ന വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ്. ഇതിന് പുറമെ, നശിപ്പിക്കപ്പെട്ട പൊതുവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് ഇത്തരം വ്യക്തികളിൽ നിന്ന് നഷ്‌ടപരിഹാരമായി ഈടാക്കുന്നതാണ്.