ഓരോ വ്യക്തിയുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു ബിസിനസ് തുടങ്ങണം എന്ന് തന്നെയാണ് ആഗ്രഹം. അങ്ങിനെ ഇല്ലാത്തവർ വളരെ വിരളമായിരിക്കും.
എന്തിനാണ് നാം ഒരു ബിസിനസ് തുടങ്ങുന്നത്?
താഴെ പറയുന്ന കാരണങ്ങൾ ആവാം പുതിയ ഒരു ബിസിനസ് തുടങ്ങാനുള്ള മുഖ്യ കാരണങ്ങൾ:
- സമൂഹം അനുഭവിക്കുന്ന ഒരു പ്രശ്നപരിഹാരത്തിന് വേണ്ടി.
- ജനോപകാരമായ പുതിയ സേവനത്തിന് വേണ്ടി.
- സ്ഥാനക്കയറ്റം / സാമ്പത്തിക ഉന്നമനമില്ലായ്മ കൊണ്ട് / ജോലി മടുത്തിട്ട്.
- കുറെ പേർക്ക് ജോലി കൊടുക്കണം എന്ന ആഗ്രഹം.
- സമൂഹത്തിൽ വലിയ സ്ഥാനം ലഭിക്കണം എന്ന ആഗ്രഹം.
- ആഗോള തലത്തിൽ അറിയപ്പെടാനുള്ള ഒരു ബ്രാൻഡ് ആകാനുള്ള ആഗ്രഹം.
ബിസിനസ് തുടങ്ങുന്നതിനു മുൻപായി നിങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടോ?
ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. ഇത്തരക്കാർ ഒരു ബിസിനസ് ആരംഭിക്കുന്നതിനു പല കാര്യങ്ങൾ ഉണ്ടെങ്കിലും അത് ഒന്നും ഒരു കൃത്യവുമായ പ്ലാൻ വച്ചിട്ടൊന്നും ആയിരിക്കുകയില്ല, അത്തരത്തിലുള്ളവർക്കു വേണ്ടിയാണ് ഈ കുറിപ്പുകൾ.
ഒരു ബിസിനസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് വളരെ അധികം ഗുണഫലങ്ങൾ ഉണ്ടാകും.
എന്താണ് മുഖ്യം? വരുമാനമോ ലാഭമോ ആഗ്രഹ സഫലീകരണമോ?
പല മാനേജ്മന്റ് തിയറിയും പറയുന്ന കാര്യം ബിസിനസ് എന്നാൽ പാഷൻ ആണ്. പക്ഷെ പ്രായോഗികമായ വശം എത്ര വരുമാനം ഉണ്ടാക്കി അല്ലെങ്കിൽ ലാഭം ഉണ്ടാക്കി എന്നതാണ്. ലാഭം ഇല്ലാതെ ബിസിനസ് നടത്താൻ പോകരുത് എന്നാണ് അടിസ്ഥാനം. ലാഭം ഇല്ലാതെ എന്തിനു ബിസിനസ് നടത്തണം, വേറെ വല്ല ജോലിക്കും പോയാൽ പോരെ? ടെൻഷൻ ഇല്ലാതെ മാസം ശംബളം വാങ്ങി കഴിച്ചു കൂട്ടമല്ലോ!
എന്താണ് വരുമാന മാർഗ്ഗം ?
ഒരു ബിസിനസ് തുടങ്ങുന്നതിലും മുൻപ് നാം പ്ലാൻ ചെയ്യേണ്ടത് എങ്ങിനെ വരുമാനം കണ്ടെത്തണം എന്നതിനെക്കുറിച്ചാണ്. ഏത് തരത്തിലുള്ള സേവനങ്ങൾ അല്ലെങ്കിൽ ഉല്പന്നങ്ങൾ കൊണ്ടാണ് വരുമാനം ഉണ്ടാക്കാൻ ഉദ്യേശിക്കുന്നതെന്നു ഒരു വ്യക്തമായ പ്ലാനിംഗ് ഉണ്ടാകണം. കാരണം വരുമാനം ഇല്ലാതെ ബിസിനസ് ഇല്ലല്ലോ.
ആരായിരിക്കണം ഉപഭോക്താക്കൾ?
ഇനി അടുത്ത കാര്യം ആരായിരിക്കണം ഉപഭോക്താക്കൾ എന്നത് കണ്ടെത്തുന്നതും, അവരുടെ ഉപഭോക്തൃ രീതികളെക്കുറിച്ച് സമഗ്രമായ അറിവ് സമ്പാദിക്കുന്നതുമാണ്. ഏത് ബിസിനസിന്റെയും നില നിൽപ്പ് ഉപഭാക്താക്കൾ ആണല്ലോ. അതിനാൽ നമ്മുടെ ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില നിലവാരവും അത് വാങ്ങിക്കാനുള്ള ശേഷിയും തുടക്കം മുതൽ തന്നെ പ്ലാൻ ചെയ്യണം.
ഒരു വർഷത്തെ ചിലവ് എന്തായിരിക്കണം ?
ഒരു ബിസിനസ് നടത്താൻ ഒരു വർഷത്തെ ചിലവുകൾ എന്തൊക്കെ എന്ന് ആദ്യമേ കണക്കു കൂട്ടുന്നത് നല്ലതാണ്. പ്രാരംഭ ചെലവുകൾ ഉൾപ്പടെ എത്രവരും എന്ന് കണ്ടെത്തിയാൽ ഒരു പരിധി വരെ ടെൻഷൻ ഇല്ലാതെ ബിസിനസ് നടത്താൻ സാധിക്കും. പറ്റുമെങ്കിൽ ഒരു അഞ്ചു വർഷമെങ്കിലും മുന്നിൽ കണ്ടുവേണം ഏതൊരു ബിസിനെസ്സിലേയ്ക്കും ഇറങ്ങുന്നത്.
മൂലധനം എങ്ങിനെ കണ്ടെത്താം ?
ഒരു ബിസിനസിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മൂലധനം. ഭൂരിഭാഗം ബിസിനസും ചെറിയ നിക്ഷേപം തുടങ്ങി അതിനു ശേഷം വലുതാകുകയാണ് പതിവ് .പക്ഷെ ചില ബിസിനസുകൾക്ക് മൂലധനം അത്യാവശ്യമാണ്. അതായത് പ്ലാന്റ് ആൻഡ് മെഷിനറി , പ്രൊഡക്ഷൻ തുടങ്ങിയവ ആവശ്യമാകുന്നു വാണിജ്യ പ്രവർത്തനങ്ങൾക്ക്.
ഇതിലേക്കുള്ള മൂലധനം ഒന്നുകിൽ സ്വയം നിക്ഷേപിക്കാം, അല്ലെങ്കിൽ പങ്കാളികൾ വഴി കൊണ്ട് വരാം. പിന്നെ വളരെ കൂടിയ നിലയിൽ ആണെങ്കിൽ crowd funding വഴി കൊണ്ട് വരാം. മാത്രവുമല്ല നിങ്ങളുടെ ബിസിനസ് ഐഡിയ വളരെ നല്ലതാണെങ്കിൽ ഇൻവെസ്റ്റർ ഫണ്ടിംഗ് ലഭിക്കാൻ കൂടി സാധ്യത ഉണ്ട്.
ആരായിരിക്കണം പങ്കാളികൾ?
ബിസിനസ് ഒറ്റക്കും, പങ്കാളിത്തത്തോടെയും നടത്താം. ഇതിനു രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ഒറ്റയ്ക്ക് നടത്തുമ്പോൾ തീരുമാനം പെട്ടന്ന് എടുക്കാൻ സാധിക്കും. പക്ഷെ ചില ബിസിനസ് നടത്താൻ പങ്കാളിത്ത പ്രാധാന്യം കൂടിയേ തീരൂ; അതായത് ഇൻവെസ്റ്റ്മെന്റ് , സർവീസ് / പ്രോഡക്റ്റ് ഡെലിവറി എന്നിവ അതിനു ഘടകങ്ങൾ ആണ്.
പങ്കാളികളെ തെരഞ്ഞെടുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. പരസ്പരം യോജിച്ചു പോകാൻ കഴിവുണ്ടെങ്കിൽ മാത്രമേ പങ്കാളിത്ത ബിസിനസ് വിജയിക്കൂ. അല്ലെങ്കിൽ സ്ഥാപനത്തിന് തന്നെ ആണ് ദോഷം. നമ്മുടെ ബിസിനസിന് യോജിച്ച തരത്തിൽ പ്രവൃത്തി പരിചയമോ, വിദ്യാഭ്യാസമോ, പ്രവർത്തന മനോഭാവമോ ഉള്ള ആളുകളെ മാത്രം പങ്കാളികളായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഉദാഹരണം പറയുകയാണെകിൽ ദിവസവും കളക്ഷൻ ലഭിക്കുന്ന ബിസിനസ് പോലെ അല്ല, പ്രൊജക്റ്റ് അടിസ്ഥാന ബിസിനസ്. എപ്പോഴും ഒരു പ്രൊഫഷണൽ മനോഭാവം പങ്കാളിത്ത രീതിയിൽ കൊണ്ട് വരാൻ ശ്രമിക്കണം. പിന്നെ എയ്ഞ്ചേൽ ഫണ്ടിംഗ് നടത്തിയ ആളുകൾ വരുമ്പോൾ നമുക്ക് നാമ മാത്രമായ ഷെയർ മാത്രമേ ഉള്ളൂ എന്ന് ഓർക്കുന്നതും കൂടി നല്ലതാണ്.
ആരായിരിക്കണം മുതിർന്ന മാനേജ്മന്റ്?
കഴിവുള്ള ആളുകളെ ആയിരിക്കണം ഇപ്പോഴും മുതിർന്ന മാനേജ്മന്റ് തലത്തിൽ കൊണ്ട് വരേണ്ടത്; അത് ബന്ധുവായാലും സുഹൃത്തായാലും. ബന്ധുക്കളെയും, സുഹൃത്തുക്കളെയും അടുപ്പം എന്ന ഒറ്റ കാരണം കൊണ്ട് മുതിർന്ന തലത്തിൽ കൊണ്ട് വച്ചാൽ അത് ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ . മാത്രവുമല്ല അത് രണ്ടാം തലമുറ മാനേജ്മന്റ് സ്റ്റാഫിന്റെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യും.
കഴിവ് കുറഞ്ഞ ബന്ധു-സുഹൃത് മാനേജ്മന്റ് എപ്പോഴും ബിസിനസിന്റെ ബലഹീനത കൂടി ആണ്. മാത്രവുമല്ല നിങ്ങളുടെ വളർച്ചയെ അത് സാരമായി ബാധിക്കുകയും ചെയ്യും. നമുക്ക് അവരോടു മറുത്തു ഒന്നും പറയാൻ സാധിക്കുകയുമില്ല. അടുത്തത് ശ്രദ്ധിക്കേണ്ടത് മുതിർന്ന മാനേജ്മന്റ് സ്റ്റാഫിന്റെ മുൻകാല പരിചയം ആണ് .
എങ്ങിനെ ബ്രാൻഡിംഗ് | മാർക്കറ്റിങ് ചെയ്യാം?
ഒരു ബിസിനസിന്റെ വളർച്ച അതിന്റെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിങ്ങനെ ആശ്രയിച്ചിരിക്കുന്നു. ഇതിനു വേണ്ടി നമുക്ക് പുത്തൻ തലമുറ മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിക്കാം. സെയിൽസ് ടീം വിപുലീകരിക്കാം. കൂടാതെ മാർക്കറ്റിംഗ് ഉപദേശങ്ങൾ നൽകുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സേവനം നമുക്ക് തേടാം. എങ്ങിനെ വിപുലമായി മാർക്കറ്റിംഗ് നടത്താം എന്നതു അടുത്ത ലേഖനത്തിൽ പറയാം.
സമ്പത്ത് കൈകാര്യം ചെയ്യൽ:
സമ്പത്ത് കൈകാര്യം ചെയ്യുക എന്നത് ഒരു കലയാണ്. നാം എത്ര പ്രഗത്ഭൻ ആയാലും സമ്പത് കൈകാര്യം ചെയ്യുന്നതിൽ ഒരു വീഴ്ച വന്നാൽ അത് ചതുപ്പു നിലത്തിൽ താഴുന്നത് പോലെ ആണ്. അതിനാൽ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായങ്ങൾ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണം.
ഒരു ബിസിനസിനു തുടക്കത്തിൽ സ്ഥിരമായി സ്റ്റാഫിനെ ആവശ്യമില്ലെങ്കിൽ ഭാഗിക സമയം വഴി നമുക്ക് സേവനം തരുന്ന സ്ഥാപങ്ങൾ ഉണ്ട് അവരുടെ സേവനങ്ങൾ ചെറിയ തോതിൽ ഉറപ്പാക്കാം. വെറുതെ ഇൻവോയ്സ് ചെയ്യാൻ മാത്രം ഉള്ള സ്റ്റാഫ് അല്ല ആവശ്യം; നമ്മുടെ സാമ്പത്തിക മാനേജ്മന്റ് ഉപദേശം തരുന്ന തലത്തിലുള്ള ഒരു സ്റ്റാഫ് ആണ് എപ്പോഴും ഒരു സ്റ്റാർട്ടപ്പ് ബിസിനസിന് ആവശ്യം. ഇൻവോയ്സ് പ്രിന്റ് ചെയ്യാൻ ഒരു നല്ല അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ വാങ്ങിച്ചാൽ മതി.
മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് ഒരു പരിധി വരെ നിങ്ങളുടെ ബിസിനസ് നന്നായി നടത്തി കൊണ്ട് പോകാൻ സാധിക്കുന്നതാണ്. ഇതിൽ പല കാര്യങ്ങളും ദീർഘമായി വിശദീകരണം തരേണ്ടതുണ്ട് . വിസ്താര ഭയത്താൽ അത് വരും നാളുകളിൽ മാന്യ വായനക്കാരുടെ ആവശ്യ പ്രകാരം നല്കുന്നതായിരിക്കും.
സിദ്ധാന്തമനുസരിച്ചാകും പ്രായോഗികത എന്ന് പറഞ്ഞാലും പലപ്പോഴും ഇത് ഒരേ പോലെ നടക്കാറില്ല. അതിന്റെ കാരണം നാം കണ്ടെത്താതെ പോകുന്ന എന്തെങ്കിലും ഒരു കാര്യം ആകും. അതായിരിക്കും ഒരു ബിസിനസിന്റെ ഗതി മുകളിലേക്കും, താഴേക്കും കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഒരു സംരംഭകൻ എന്ന നിലയിൽ കണ്ണും കാതും തുറന്നിരുന്നാലേ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ. ബിസിനസ് നന്നാവുക, നശിക്കുക എന്നത് ഒരു മനുഷ്യന്റെ ഗതി വിഗതി അനുസരിച്ചു സംഭവിക്കും. അതിൽ എല്ലാം നല്ലതിനെന്നു കരുതി മുന്നോട്ടു നീങ്ങുക. ഉപഭോക്താവെന്നത് രാജാവാണെങ്കിൽ നിങ്ങൾ ചെയ്യുന്ന ബിസിനസ് ഒരു രാജ്യമായി കാണുക, രണ്ടും പരസ്പ്പര പൂരകമാണ്. ഒന്നില്ലെങ്കിൽ മറ്റൊന്നിനു പ്രാധാന്യം നഷ്ടപ്പെടുന്നു എന്ന് തിരിച്ചറിയേണ്ടത് അനിവാര്യം.
P.K. Hari
ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.
തുടക്കക്കാർ തീർച്ചയായും ചിന്തിക്കേണ്ടുന്ന വിഷയം. Thanks!