യു എ ഇയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്നു

Business

സമുദ്രനിരപ്പിൽ നിന്ന് 1484 മീറ്റർ ഉയരത്തിൽ, റാസ് അൽ ഖൈമയിലെ ജൈസ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ‘1484 ബൈ പ്യുരോ’ (1484 By Puro) എന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് RAK ലിഷർ പ്രഖ്യാപിച്ചു. RAK ഹോസ്പിറ്റാലിറ്റി ഹോൾഡിങ്ങിന്റെ അനുബന്ധ സ്ഥാപനമാണ് RAK ലിഷർ. 1484 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘1484 ബൈ പ്യുരോ’ യു എ ഇയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റാണ്.

ജൈസ് അഡ്വഞ്ചർ സെന്ററിന് തൊട്ടരികിലായി ആരംഭിക്കുന്ന ഈ റെസ്റ്റോറന്റ്, ഇവിടെ എത്തുന്ന അതിഥികൾക്ക് ഹജർ മലനിരകളുടെ മുഴുവൻ പ്രൗഢിയും ആസ്വദിക്കാൻ അവസരം നൽകുന്നു. ജൈസ് അഡ്വഞ്ചർ പീക്കിന്റെ മുൻവശത്ത് സ്ഥിതിചെയ്യുന്ന ‘1484 ബൈ പ്യുരോ’, ഹജർ പർവതനിരകളിലുൾപ്പെടുന്ന കൊടുമുടികളുടെയും താഴ്വരകളുടെയും മനോഹരമായ ദൃശ്യാനുഭവം അതിഥികൾക്ക് നൽകുന്നതിനായി, ഒരു വശത്തെ ഭിത്തി ഒട്ടാകെ കണ്ണാടിയിലാണ് തീർത്തിട്ടുള്ളത്.

പ്യുരോയുടെ കീഴിലുള്ള മൂന്നാമത്തെ റെസ്റ്റോറന്റാണിത്. അൽ മർജാൻ ദ്വീപിലും, ജെയ്‌സ് വ്യൂവിംഗ് ഡെക്ക് പാർക്കിലും നിലവിൽ പ്യുരോയുടെ കീഴിൽ റെസ്റ്റോറന്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും ഉയർന്ന സുരക്ഷാ നടപടികളും, ശുചിത്വ നിർദ്ദേശങ്ങളും പ്രവർത്തികമാക്കിയാണ് ‘1484 ബൈ പ്യുരോ’ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നത്.