COVID-19 പ്രതിസന്ധി നീങ്ങുന്നു; പ്രവാസം സാധാരണ നിലയിലേക്ക്!

featured Kerala News

രണ്ട് വർഷമായി തുടരുന്ന എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ ഗതിയിൽ വിമാന സർവീസ് തുടങ്ങാനുള്ള അനുമതി നൽകിയതോടെ അന്താരാഷ്ട്ര യാത്രകൾക്ക് ഉണ്ടായിരുന്ന അവസാന പ്രയാസവും മാറിയിരിക്കുകയാണ്. ഗൾഫ് നാടുകൾ COVID-19 മുക്തമാവുകയും, ഇന്ത്യയിൽ വാക്സിനേഷൻ നിരക്ക് ഗണ്യമായി വർധിച്ച് COVID-19 കേസുകൾ ഏറെ കുറയുകയും ചെയ്ത സാഹചര്യമാണ് ഇത്തരം നല്ലൊരു തീരുമാനത്തിലേക്ക് നയിച്ചത്.

ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട പി.സി.ആർ ടെസ്റ്റ്, ക്വാറന്റയിൻ തുടങ്ങിയ നിബന്ധനകൾ പണച്ചെലവും, സമയനഷ്ടവും, മറ്റു പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു. എയർബബ്ൾ കരാറിന്റെ പേരിൽ നിരന്തരം വിമാനങ്ങൾ റദ്ദാക്കുകയും, പലപ്പോഴും അർഹമായ നഷ്ടപരിഹാരം പോലും നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യവും നിലനിന്നിരുന്നു.

എയർലൈൻ രംഗത്തെ ഇൻറലിജൻസ് ഏജൻസിയായ ഒഫീഷ്യൽ എവിയേഷൻ ഗൈഡിന്റെ ഡാറ്റ വ്യക്തമാക്കുന്നത് ലോകത്താകമാനം പ്രതിവാരം 9053 സർവീസുകൾ ക്യാൻസൽ ചെയ്യുന്നുവെന്നാണ്! അതിലുപരിയായി, എയർ ബബ്ൾ കരാർ പിൻവലിക്കണമെന്ന് അയാട്ടയും ലോകരാഷ്ട്രങ്ങളോട് വളരെ ശക്തമായ രൂപത്തിൽ ആവശ്യപ്പെട്ടിരുന്നു.

സാധാരണ വ്യോമയാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനത്തോടെ കണക്ഷൻ ഫ്ലൈറ്റ് സൗകര്യങ്ങൾ അടക്കം പുന:സ്ഥാപിക്കുകയും താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും. COVID-19 കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഗൾഫ് നാടുകൾ അടക്കമുള്ള രാജ്യങ്ങളിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവുമെന്നും കണക്കാക്കുന്നു.

സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡീസ് സർവെ പ്രകാരം COVID-19 കാലത്ത് നാട്ടിലേക്ക് തിരിച്ചെത്തിയ 14.71 ലക്ഷം ആളുകളിൽ 3.32 ലക്ഷം ആളുകൾക്ക് തിരിച്ചു പോവാൻ സാധിച്ചിട്ടില്ല. അതായത്, 23% പേർക്കും തിരികെപ്പോവാൻ സാധിച്ചിട്ടില്ല!

മാറിയ സാഹചര്യത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന പലർക്കും തിരികെ ജോലി ലഭ്യമാവാനുള്ള സാധ്യതയും ഏറെയാണ്. ഗൾഫ് മേഖലകളിൽ, പുതിയ തൊഴിൽ നിയമങ്ങൾ പലതും തൊഴിലാളി സൗഹൃദമാണെന്നതും പ്രതീക്ഷ നൽകുന്നതാണ്.

ഈ അവസരം കൂടുതൽ പ്രയോജനപ്രദമാവട്ടെ.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.