ഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ BIAS 2022 എയർഷോയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി. നവംബർ 10-നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
തുടർന്ന് റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയിലെ (BIAS 2022) ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തി.
BIAS 2022-ലെ ഇന്ത്യൻ പവലിയൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. പീയുഷ് ശ്രീവാസ്തവ നവംബർ 9-ന് ഉദ്ഘാടനം ചെയ്തിരുന്നു.
ഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (HAL) എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കൃഷ്ണകുമാർ ഭാസ്കർല, എംബസി ഉദ്യോഗസ്ഥർ, ഭാരത് ഡയനാമിക്സ് ലിമിറ്റഡ് (BDL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) പ്രതിനിധികൾ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
BIAS 2022-ലെ ഇന്ത്യൻ പവലിയനിൽ HAL, BEL, BDL എന്നിവരുടെ വ്യോമയാന സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, ലൈറ്റ് ഹെലികോപ്റ്റർ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ മുതലായവയാണ് HAL പ്രദർശിപ്പിക്കുന്നത്.
BEL നൈറ്റ് വിഷൻ ഉപകരണങ്ങൾ, റഡാറുകൾ, ആന്റി-ഡ്രോൺ സംവിധാനം എന്നിവയും, BDL ആകാശ് സർഫസ് ടു എയർ മിസൈൽ, അസ്ത്ര എയർ ടു എയർ മിസൈൽ മുതലായവയും വിപണനത്തിനെത്തിച്ചിട്ടുണ്ട്.
ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ ആറാമത് പതിപ്പ് (BIAS 2022) 2022 നവംബർ 9, ബുധനാഴ്ച കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തിരുന്നു.