ബഹ്‌റൈൻ: രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

GCC News

രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഏതാനം സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ അന്വേഷണ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈനിലെ ആന്റി-കറപ്‌ഷൻ ആൻഡ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി വ്യക്തമാക്കി. രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തിലെ സമാധാനം തകർക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളെന്ന് അധികൃതർ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി, ഇത്തരം അക്കൗണ്ടുകൾ തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പിടികിട്ടാപുള്ളികളുമായി ബന്ധപ്പെട്ടുള്ളവയാണെന്നും, ഇവ ബഹ്റൈനിനു പുറത്തു നിന്നാണ് പ്രവർത്തിപ്പിക്കുന്നതെന്നും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

രാജ്യത്തെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഛിദ്രം, ഉപജാപം, എന്നിവ വ്യാപിപ്പിക്കുന്നതിനായും, അതിലൂടെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഇത്തരം സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ – ഇസ്രായേൽ സമാധാന ഉടമ്പടിയുടെ പശ്ചാത്തലത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിയമം, സാമൂഹിക മൂല്യങ്ങൾ എന്നിവയ്ക്ക് എതിരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം അക്കൗണ്ടുകൾ പിന്തുടരുകയോ, ഇവ നൽകുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ മുഴുവൻ നിവാസികളോടും, സമൂഹ മാധ്യമ ഉപയോക്താക്കളോടും ഇത്തരം സന്ദേശങ്ങൾ പങ്ക് വെക്കരുതെന്നും, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.