Covid-19: അൾട്രാ അബുദാബി സംഗീതോത്സവം മാറ്റിവെച്ചു

GCC News

മാർച്ച് 5 മുതൽ ആരംഭിക്കാനിരുന്ന 2 ദിവസത്തെ ഇലക്ട്രോണിക് സംഗീത നൃത്ത പരിപാടിയായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്നുണ്ടായ യാത്രാ നിയന്ത്രണങ്ങൾ മൂലമാണ് ഈ തീരുമാനം. നേരത്തെ നിശ്ചയിച്ച പ്രകാരം പരിപാടിയിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് ഇന്നലെ അറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ നിലവിലുള്ള സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷം തീരുമാനം മാറ്റുകയായിരുന്നു.

പുതുക്കിയ തീയതികൾ പിന്നീടറിയിക്കുന്നതായിരിക്കും. ടിക്കറ്റ് തുക തിരികെ നൽകുമെന്നും, ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിലെത്തിയതെന്നും സംഘാടകർ കൂട്ടിച്ചേർത്തു. 20,000 പേരെയാണ് ഈ സംഗീതോത്സവത്തിലേക്ക് പ്രതീക്ഷിച്ചിരുന്നത്.

മാർച്ച് 10-നു ആരംഭിക്കാനിരുന്ന ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ, ദുബായിലെ കൊക്കോ കോളാ അരീനയിൽ മാർച്ച് 20, 21 തീയതികളിൽ നടക്കാനിരുന്ന കെ-പോപ്പ് സംഗീത പരിപാടി, ദുബായിലെ ഏറ്റവും വലിയ ഹോളി ആഘോഷ പരിപാടിയായ AKS കളർ കാർണിവൽ, യാസ് ഐലൻഡിൽ മാർച്ച് 3, 4 തീയതികളിൽ നടക്കാനിരുന്ന സംഗീത പരിപാടിയായ DJ മാഗ് കോൺഫറൻസ്, മാർച്ച് 5-നു നടക്കാനിരുന്ന യോഗാഫെസ്റ്റ് അൽ ഐൻ തുടങ്ങിയ പല പരിപാടികളും കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി റദ്ദാകുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.