രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള മൂവായിരത്തി ഒരുനൂറ് കുട്ടികളിൽ ഫൈസർ വാക്സിൻ നൽകിയ ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ കുട്ടികളിൽ വാക്സിൻ 90.7 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. വാക്സിനെടുത്തതിന്റെ ഭാഗമായി കുട്ടികളിൽ പാർശ്വഫലങ്ങളൊന്നും രേഖപെടുത്തിയിട്ടില്ലെന്നും ഈ അറിയിപ്പിൽ സൂചിപ്പിക്കുന്നു.
മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.