നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

UAE

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമി ഉദ്‌ഘാടനം ചെയ്തു. 2021 നവംബർ 2, ചൊവ്വാഴ്ച്ചയാണ് SIBF ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് സുൽത്താൻ ബിൻ അഹ്‌മദ്‌ അൽ ഖസ്സിമി ചടങ്ങിൽ പങ്കെടുത്തു. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2021 നവംബർ 3 മുതൽ 13 വരെ നീണ്ട് നിൽക്കുന്നതാണ്.

‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പതാമത് SIBF ലക്‌ഷ്യം വെക്കുന്നു.

അറബ് രാജ്യങ്ങളിൽ നിന്നും, വിദേശത്തു നിന്നുമുള്ള 1632 പ്രസാധകരാണ് ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നത്. ലോകമെമ്പാടുനിന്നുമുള്ള എഴുത്തുകാർ, ബുദ്ധിജീവികൾ, കവികൾ, കലാകാരൻമാർ തുടങ്ങിയവർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ പുസ്തകമേള ലോകത്തെ തന്നെ പ്രധാന പുസ്തകമേളകളിലൊന്നാണ്.

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനത്തിന്റെ ഭാഗമായി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമി ‘ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ്’ (Historical Dictionary of the Arabic Language) എന്ന പുസ്തകം പ്രകാശനം ചെയ്തു.

അറബിക് ഭാഷയുടെ ചരിത്രം ക്രോഡീകരിക്കുന്ന ഈ നിഘണ്ടുവിന്റെ ആദ്യ 17 വാള്യങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. അറബിക് വാക്കുകളുടെ ചരിത്രം, ഉത്‌പത്തി, അർത്ഥം, അര്‍ത്ഥവിശദീകരണം മുതലായവ അവതരിപ്പിക്കുന്ന ഈ നിഘണ്ടു രാജ്യത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നു.

WAM