രാജ്യത്തെ മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. 2021 ഒക്ടോബർ 27 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
ഒക്ടോബർ 26-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിനും മന്ത്രാലയം താമസിയാതെ അംഗീകാരം നൽകുന്നതാണ്.
ബഹ്റൈൻ സമൂഹത്തിലെ മുഴുവൻ വ്യക്തികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുൻഗണനാ വിഭാഗങ്ങളിൽ പെടുന്നവർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കുട്ടികളിലെ കൂടുതൽ കാലം നീണ്ട് നിൽക്കുന്ന രോഗസുഷുപ്താവസ്ഥ കൂടി കണക്കിലെടുത്താണ് മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് അധികൃതർ അംഗീകാരം നൽകിയിരിക്കുന്നത്.
ഈ പ്രായവിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയും, ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്. കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിന് രക്ഷിതാക്കളിൽ നിന്നുള്ള അനുമതി ആവശ്യമാണ്.