രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V (Sputnik V) കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്.
ഫെബ്രുവരി 13-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, ‘BeAware’ ആപ്പിലൂടെയോ ഈ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാവുന്നതാണ്.
https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തിലൂടെ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാവുന്നതാണ്. ഈ ഓൺലൈൻ സംവിധാനത്തിലൂടെ നിലവിൽ നാല് COVID-19 വാക്സിനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം നൽകുന്നുണ്ട്. സ്പുട്നിക് V-ന് പുറമെ, സിനഫോം വാക്സിൻ, ഫൈസർ വാക്സിൻ, കോവിഷീൽഡ് ആസ്ട്രസെനേക്കാ വാക്സിൻ എന്നിവയും ഈ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.
ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ആദ്യ ഡോസ് സ്പുട്നിക് V വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള തീയ്യതി, ആരോഗ്യ കേന്ദ്രം മുതലായ വിവരങ്ങൾ SMS വഴി ലഭിക്കുന്നതാണ്. റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V-ന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 10-ന് നൽകിയിരുന്നു.
റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് V വാക്സിൻ തയ്യാറാക്കിയത്. ഈ വാക്സിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നേരത്തെ യു എ ഇയിൽ നടത്തിയിരുന്നു.
Photo: healthalert.gov.bh