COVID-19 പ്രതിസന്ധിയിൽ അയവ്: ഗൾഫ് നാടുകളിലെ ഇന്ത്യക്കാരുടെ ജയിൽ വാസത്തിന് അറുതി വരുന്നു

featured Kerala News

COVID-19 പ്രതിസന്ധിയിൽ അയവ് വരുന്ന സന്ദർഭത്തിൽ ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാർ കുറയുന്നത് ആശ്വാസം പകരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

2021 മാർച്ച് മാസം 3,988 പേർ ജയിലുകളിൽ ഉണ്ടായിരുന്നത് ഇപ്പോൾ 3,469 പേരായി ചുരുങ്ങിയിട്ടുണ്ട്. (മൊത്തം 519 പേരുടെ കുറവ്). ചെക്ക് കേസുകൾ, അനധികൃത താമസം, സാമ്പത്തിക തിരിമറികൾ, മയക്ക് മരുന്ന്, കൊലപാതകം,മനുഷ്യക്കടത്ത്, ലൈംഗിക കുറ്റകൃത്യങ്ങൾ, അഴിമതി, തട്ടിപ്പറി, കൃതിമം കാണിക്കൽ, മദ്യപിച്ച് വണ്ടിയോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

കാരണങ്ങൾ പലതാണെങ്കിലും, COVID-19 പ്രതിസന്ധി മൂലമുണ്ടായ ചെക്ക് കേസുകളാണ് ഇതിൽ പ്രധാനമെന്നും രണ്ടാമതായി തൊഴിൽ നഷ്ടപ്പെട്ട് അനധികൃത താമസക്കാരയാതാണെന്നും വിലയിരുത്തുന്നു. COVID-19 പ്രതിസന്ധിക്ക് അയവ് വന്നതോടെ കച്ചവടവും തൊഴിലും പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിത്തുടങ്ങിയാണ് ഇവരുടെ ജയിൽ വാസത്തിന് അറുതി വരുന്നതിന് കാരണമാകുന്നത്.

സൗദി, കുവൈറ്റ് ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ തടവുകാരുടെ എണ്ണത്തിൽ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സൗദി ജയിലിലെ ഇന്ത്യൻ തടവുകാരുടെ എണ്ണമാണ് മാർച്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്; 486 പേർ. കുവൈറ്റിൽ 250, ബഹ്റൈൻ 79, ഒമാൻ 3 പേരുടെയും കുറവ് രേഖപ്പെടുത്തി. അതേസമയം, യു.എ.ഇയിൽ ഇന്ത്യൻ തടവുകാരുടെ എണ്ണത്തിൽ 241 പേരുടെയും ഖത്തറിൽ 58 പേരുടെയും വർദ്ധനവ് രേഖപ്പെടുത്തി.

ഖത്തറിൽ ഈ മാസം അവസാനം വരെ പൊതുമാപ്പ് നൽകിയത് തടവുകാരുടെ എണ്ണം കുറയ്ക്കുന്നുമെന്ന് പ്രതീക്ഷിക്കുന്നു.

തയ്യാറാക്കിയത്: ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.