സൗദി അറേബ്യ: ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത

featured GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 3, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 28-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 മാർച്ച് 30, വ്യാഴാഴ്ച മുതൽ ഏപ്രിൽ 3 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിലുള്ള പൊടിക്കാറ്റിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.

അസിർ, അൽ ബാഹ, ജസാൻ, നജ്‌റാൻ മുതലായ മേഖലകളിൽ വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള കാലയളവിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അൽ സുലൈൽ, വാദി അൽ ദവാസിർ ഗവർണറേറ്റുകളിൽ വ്യാഴം, വെള്ളി ദിനങ്ങളിൽ മഴ ശക്തമാകാനിടയുണ്ട്.

റിയാദിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, മക്കയുടെ ഏതാനം ഭാഗങ്ങളിലും ശനി, ഞായർ ദിനങ്ങളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹൈൽ, ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, റഫ്ഹ ഗവർണറേറ്റ് എന്നിവിടങ്ങളിലും, നോർത്തേൺ ബോർഡർ മേഖലയിലും വ്യാഴം, വെള്ളി ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

തബൂക്, മക്ക, ഹൈൽ, നോർത്തേൺ ബോർഡേഴ്സ് മേഖല, അൽ ജൗഫ്, റിയാദ്, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുണ്ട്. ശനി, ഞായർ ദിനങ്ങളിൽ തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

Cover Image: Saudi Press Agency.