സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 7-ന് ആരംഭിക്കും

Saudi Arabia

ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു. 2021 ഡിസംബർ 7 മുതൽ 15 വരെയാണ് ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

സൗദിയുടെ ദേശീയ പാചക പാരമ്പര്യം, പരമ്പരാഗത ഭക്ഷണശീലങ്ങൾ എന്നിവയുടെ ആഘോഷമാണ് ഈ മേള. സമൂഹത്തിലെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവർക്കും സൗദി ഭക്ഷണരീതികളെക്കുറിച്ചുള്ള അനുഭവങ്ങളും, അറിവുകളും നൽകുന്നതിന് ഈ മേള ലക്ഷ്യമിടുന്നു.

നാല് പ്രധാന വിഭാഗങ്ങളിലായാണ് സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചെങ്കടലിന്റെ തീരമേഖലയിലെ തബുക്, മദിന, മക്ക, ജസാൻ, അസിർ എന്നീ പ്രദേശങ്ങളിലെ പാചക പാരമ്പര്യത്തെ അടുത്തറിയാൻ മേളയിലെ ആദ്യ വിഭാഗത്തിൽ നിന്ന് അവസരം ലഭിക്കുന്നതാണ്. സന്ദർശകർക്ക് ഈ പ്രദേശങ്ങളിലെ തനത് ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം മേളയിൽ ഒരുക്കിയിട്ടുണ്ട്.

മേളയുടെ രണ്ടാമത്തെ വിഭാഗത്തിൽ പാചകവിദ്യകളുടെ പ്രദർശനം, പാചകവിദഗ്ധരുമായുള്ള സംവാദങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയെ സംയോജിപ്പിച്ചുള്ള പ്രത്യേക പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്. മേളയുടെ മൂന്നാമത്തെ വിഭാഗത്തിൽ നിന്ന് സന്ദർശകർക്ക് പാചകപുസ്തകങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവ വാങ്ങാവുന്നതാണ്. മേളയുടെ നാലാമത്തെ വിഭാഗത്തിൽ 35-ൽ പരം തനത് സൗദി രുചി അനുഭവങ്ങൾ അടുത്തറിയാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്ന ഫുഡ് സ്റ്റാളുകൾ, റെസ്റ്ററന്റുകൾ എന്നിവയെ ഉൾപ്പെടുത്തിയിരിക്കുന്നു.