ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി മാർച്ച് നാലിന് അവസാനിക്കുമെന്ന് LMRA

featured GCC News

രാജ്യത്തെ വിദേശ തൊഴിലാളികൾക്കായുള്ള ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി 2023 മാർച്ച് 4-ന് അവസാനിക്കുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2023 ഫെബ്രുവരി 7-നാണ് LMRA ഇക്കാര്യം അറിയിച്ചത്.

ഈ കാലാവധി അവസാനിക്കുന്നതിന് മുൻപായി വർക്ക് പെർമിറ്റ് സംബന്ധമായ ക്രമക്കേടുകൾ ഉള്ളവരും, ഫ്ലെക്സി പെർമിറ്റുകളിലുള്ളവരുമായ പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുന്നതിനായി ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും, രേഖകൾ ശരിയാക്കാനും LMRA ആഹ്വാനം ചെയ്തിട്ടുണ്ട്.

മാർച്ച് 4-ന് മുൻപായി ഇത്തരം ക്രമക്കേടുകൾ പൂർത്തിയാക്കാത്ത വിദേശികളെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടപ്പിലാക്കുമെന്നും, നിയമലംഘകർക്കെതിരെ നാട് കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും LMRA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ബഹ്‌റൈനിലുള്ളവരും, വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവരും, സാധുതയില്ലാത്ത വർക്ക് പെർമിറ്റ് ഉള്ളവരും, ഫ്ലെക്സി പെർമിറ്റുകളിലുള്ളവരുമായ വിദേശികൾക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സന്ദർശക വിസകളിലുള്ളവർ, പെർമിറ്റ് സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയിട്ടുളളവർ, കുറ്റകൃത്യങ്ങൾ നടത്തിയിട്ടുളളവർ തുടങ്ങിയിട്ടുള്ളവർക്ക് ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാൻ അർഹതയില്ല.

താഴെ പറയുന്ന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് അർഹതയുണ്ടോ എന്നറിയാവുന്നതാണ്:

  • https://lmra.bh എന്ന വെബ്‌സൈറ്റിൽ നിന്ന് ‘Eligibility Verification Service’ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
  • +973 33150150 എന്ന നമ്പറിലേക്ക് തൊഴിലാളിയുടെ സ്വകാര്യ നമ്പർ ഉൾപ്പെടുത്തിക്കൊണ്ട് എസ് എം എസ് അയച്ച് കൊണ്ട് ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
  • +973 17103103 എന്ന നമ്പറിൽ LMRA-യുടെ കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

തൊഴിലാളികൾക്ക് നിശ്ചിത ഫീസ് നൽകിക്കൊണ്ട് അംഗീകൃത സേവനകേന്ദ്രങ്ങളിൽ നിന്ന് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

അംഗീകൃത ലേബർ രജിസ്‌ട്രേഷൻ സേവനകേന്ദ്രങ്ങളുടെ പട്ടിക.

അംഗീകൃത ലേബർ രജിസ്‌ട്രേഷൻ സേവനകേന്ദ്രങ്ങളുടെ പട്ടിക.

2022 ഡിസംബർ 4-നാണ് LMRA ഈ പദ്ധതി ആരംഭിച്ചത്. ഫ്ലെക്സി പെർമിറ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള തൊഴിൽ മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തൊഴിലാളികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ലക്ഷ്യമിട്ടാണ് LMRA ഇത്തരം ഒരു ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്.