രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2023 ഓഗസ്റ്റ് 14-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം LMRA പരിശോധനകൾ കൂടുതൽ ശക്തമാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനകളിൽ ഏതാണ്ട് 63.8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് LMRA രാജ്യവ്യാപകമായി പരിശോധനകൾ നടത്തുന്നത്. 2023-ലെ ആദ്യ പകുതിയിൽ ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1135 പേരെ പബ്ലിക് പ്രോസിക്യൂഷൻ തല നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇത്തരം നിയമലംഘനങ്ങൾക്ക് 2112 പേരെയാണ് ബഹ്റൈനിൽ നിന്ന് നാട് കടത്തിയിരിക്കുന്നത്.