ബഹ്‌റൈൻ: പുതിയ ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

Bahrain

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ 2022 നവംബർ 29 മുതൽ രാജ്യത്ത് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 നവംബർ 29-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ ബൂസ്റ്റർ വാക്സിൻ രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്.

ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഈ ഫൈസർ-ബയോഎൻടെക് COVID-19 ബൈവാലന്റ് വാക്സിൻ COVID-19 വൈറസിനെയും, വൈറസിന്റെ ഒമൈക്രോൺ വകഭേദത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ വാക്സിൻ ലഭ്യമാക്കിയിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക https://healthalert.gov.bh/en/category/vaccination-centres എന്ന വിലാസത്തിൽ ലഭ്യമാണ്.

രാജ്യത്തെ COVID-19 നടപടിക്രമങ്ങളിൽ 2022 ഡിസംബർ 4, ഞായറാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചിട്ടുണ്ട്.