ബഹ്‌റൈൻ: 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു

Bahrain

രാജ്യത്തെ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായപരിധിയിൽപ്പെടുന്നവർക്ക് രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

https://twitter.com/MOH_Bahrain/status/1394705996107374593

മെയ് 18-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ സുരക്ഷിതവും, രോഗബാധ തടയുന്നതിൽ ഏറെ ഫലപ്രദവുമാണെന്ന റിപ്പോർട്ടുകളെ തുടർന്നും, ലോകാരോഗ്യ സംഘടനയുടെ ഉപദേശങ്ങളെത്തുടർന്നുമാണ് ഈ തീരുമാനം. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

ഈ പ്രായപരിധിയിൽപ്പെടുന്നവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ https://healthalert.gov.bh/ എന്ന വിലാസത്തിൽ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്ക് വാക്സിൻ നൽകുന്ന അവസരത്തിൽ അവരുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യം നിർബന്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Cover Photo:@MOH_Bahrain