ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

GCC News

COVID-19 രോഗവ്യാപനം തടയുന്നതിനായി, രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങൾ പൂർണ്ണമായും വിജയം കൈവരിക്കുന്നതിന്, ആരോഗ്യ രംഗത്തെ അധികൃതർ മുന്നോട്ട് വെക്കുന്ന മുൻകരുതൽ നടപടികൾ കർശനമായി പാലിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് ജനങ്ങൾക്ക് നൽകിയത്. ഇത്തരം ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ പൗരൻെറയും, നിവാസിയുടെയും ദേശീയ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പ്രവർത്തികളും, അലംഭാവവും രോഗവ്യാപനം കൂട്ടുന്നതിന് ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ഒത്തുചേരലുകളുടെ ഒഴിവാക്കൽ മുതലായ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് ഉടൻ 444 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിവരമറിയിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താനും മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം വിഭാഗങ്ങൾക്കിടയിൽ മറ്റുള്ളവരിൽ നിന്ന് രോഗം പകരുന്നതിനുള്ള സാദ്ധ്യതകൾ കൂടുതലാണെന്നും, ഇത്തരക്കാരിൽ വൈറസ് ഉളവാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാണെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

അതേസമയം, നിലവിൽ ബഹ്‌റൈനിലുള്ള COVID-19 രോഗബാധിതരിൽ 50 ശതമാനം പേർക്കും കുടുംബങ്ങൾക്കിടയിലെ സമ്പർക്കം മൂലവും, കുടുംബ ഒത്തുചേരലുകൾ മൂലവുമാണ് രോഗബാധയേറ്റതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിലെ രോഗബാധിതരുടെ സമ്പർക്കപ്പട്ടിക അവലോകനം ചെയ്തതിൽ നിന്ന് കുട്ടികളിലും, വീട്ടമ്മമാരിലും സമ്പർക്കം മൂലമുള്ള രോഗബാധ വർദ്ധിച്ചതായി കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

വീടുകളിൽ ബന്ധുകൾക്കിടയിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളിലെ വീഴ്ചകളാണ് ഇത് പ്രകടമാക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും, എല്ലാ തരത്തിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനും പൗരന്മാരോടും, നിവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തെ ഹോട്ടലുകൾ, റെസ്റ്ററന്റ്റുകൾ, ഹാളുകൾ, വേദികൾ മുതലായ ഇടങ്ങളിൽ ആളുകൾ ഒത്തുചേരാനിടയാകുന്ന എല്ലാ ചടങ്ങുകളും നിരോധിച്ച് കൊണ്ട് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.