COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകുന്നതിന് BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പരമാവധി പേർ വാക്സിനേഷനിൽ പങ്കെടുക്കണമെന്നും, വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് രണ്ട് ഡോസ് വീതം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക്, ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം, വാക്സിനേഷൻ സർട്ടിഫിക്കറ്റ് BeAware ആപ്പിലൂടെ ലഭ്യമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുന്നത്.
രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ എന്നിങ്ങനെ രണ്ട് തരം വാക്സിനുകൾ ബഹ്‌റൈനിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. 2021 ജനുവരി 1, വെള്ളിയാഴ്ച്ച രാത്രി 9 മണി വരെ ബഹ്‌റൈനിൽ 59351 പേർ COVID-19 വാക്സിൻ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.