ബഹ്‌റൈൻ: മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ചകൾക്കുള്ള പിഴ 20 ദിനാറാക്കി ഉയർത്താൻ തീരുമാനം

GCC News

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 20 ദിനാർ പിഴ ചുമത്താൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് മാസ്കുകളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഉയർത്താൻ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സെപ്റ്റംബർ 24, വ്യാഴാഴ്‌ച്ചയാണ്‌ മന്ത്രാലയം ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പൊതു ഇടങ്ങൾ, വ്യവസായ ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശകർ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരോട്, മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കാൻ അദ്ദേഹം ഈ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന്, സംഭവസ്ഥലത്ത് നിന്ന് തന്നെ, പിഴയായി 20 ദിനാർ ഈടാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

ഇത്തരത്തിൽ കണ്ടെത്തുന്ന ലംഘനങ്ങൾ രേഖപ്പെടുത്താനും, പിഴ ചുമത്തപ്പെടുന്നവർക്ക് ഇത് സംബന്ധമായ രസീത് നൽകാനും അദ്ദേഹം അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. പിഴ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും, അതിനു ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലെ നടപടികൾക്കായി ശുപാർശ ചെയ്യുന്നതിനും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.