ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സിനോഫാം COVID-19 വാക്നിന്റെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ വിതരണക്കാരായ G42 വാക്സിൻ സംബന്ധമായ പഠനരേഖകൾ അതോറിറ്റി മുൻപാകെ സമർപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി.
വിവിധ രാജ്യങ്ങളിൽ നടത്തിയ സിനോഫാം COVID-19 വാക്നിന്റെ പരീക്ഷണ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് അതോറിറ്റി ഈ വാക്സിനിന് ഔദ്യോഗിക രെജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ചത്. ഈ വാക്സിൻ COVID-19 രോഗബാധയ്‌ക്കെതിരെ 86% ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
ഈ വാക്സിനിന്റെ സുരക്ഷ, സഫലത എന്നിവ സംബന്ധമായ വിവരങ്ങളും അതോറിറ്റി സമഗ്രമായി പരിശോധിച്ചിരുന്നു. വാക്സിൻ നിർമ്മാണത്തിലെ ഗുണമേന്മ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ നിഷ്കർഷ തുടങ്ങിയ ഘടകങ്ങളും അതോറിറ്റി പരിശോധിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടുകളും ആരോഗ്യ രംഗത്തെ പ്രമുഖരടങ്ങിയ ഒരു കമ്മിറ്റി മുൻപാകെ അതോറിറ്റി ചർച്ച ചെയ്യുകയും തുടർന്ന് അംഗീകാരം നൽകാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു.
സിനോഫാം CNBG COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ നടത്തിയിരുന്നു. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കിയത്. ബഹ്‌റൈനിൽ ഈ പരീക്ഷണങ്ങൾ ആരംഭിച്ച് കേവലം എട്ട് ആഴ്ച്ചകൾക്കുള്ളിൽ 7700 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചിരുന്നു. തുടർന്ന് ഇതേ വാക്സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നവംബർ 3 മുതൽ അനുമതി നൽകിയിട്ടുണ്ട്. ഏതാനം ദിനങ്ങൾക്ക് മുൻപ് സിനോഫാം CNBG COVID-19 വാക്‌സിന് ഔദ്യോഗിക രെജിസ്ട്രേഷൻ നൽകാൻ യു എ ഇയും തീരുമാനമെടുത്തിരുന്നു.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന് അംഗീകാരം നൽകാൻ ബഹ്‌റൈൻ ഡിസംബർ 4-ന് തീരുമാനിച്ചിരുന്നു.