ബഹ്‌റൈൻ: വിസ കാലാവധി അവസാനിച്ചവർക്കുള്ള പിഴകൾ ഒഴിവാക്കി നൽകും

featured GCC News

നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികളെ വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. 2026 മാർച്ച് 12-നാണ് ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) ഇക്കാര്യം അറിയിച്ചത്.

ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ, താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തത് മൂലമുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് NPRA സന്ദർശന വിസകൾ സംബന്ധിച്ച് ഈ നടപടികൾ പ്രഖ്യാപിച്ചത്.

2026 ഫെബ്രുവരി 28-നോ അതിനുശേഷമോ അനുവദനീയമായ വിസ കാലാവധി അവസാനിച്ചിട്ടുള്ളവരും, ബഹ്‌റൈനിൽ നിലവിൽ തുടരുന്നവരുമായ എല്ലാത്തരം സന്ദർശന വിസകളിലുള്ളവർക്കും വ്യോമാതിർത്തി വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്ക് കൂടി രാജ്യത്ത് നിന്ന് പുറപ്പെടാൻ വൈകിയതിന്റെ പിഴകളിൽ നിന്ന് ഒഴിവാക്കി നൽകുമെന്നാണ് NPRA അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ അറിയിച്ചിരിക്കുന്നത്.

2026 ഫെബ്രുവരി 28 വരെ സാധുതയുള്ള സന്ദർശന വിസകൾ (ആ തീയതിക്ക് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളതും നിലവിലെ സാഹചര്യങ്ങൾ കാരണം ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതുമായ) ഉപയോഗിക്കാൻ കഴിയാതെ ബഹ്‌റൈനിന് പുറത്തുള്ള സന്ദർശകർക്ക് അവയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.