COVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു. ബഹ്‌റൈനിൽ നിന്ന് 40 മെട്രിക് ടൺ ദ്രവ ഓക്‌സിജൻ വഹിച്ച് കൊണ്ട് ഇന്ത്യൻ നാവികസേനയുടെ INS തൽവാർ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മെയ് 1, ശനിയാഴ്ച്ച രാവിലെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബഹ്‌റൈൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് പിന്തുണയുമായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ബഹ്‌റൈനും നിലകൊള്ളുന്നതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ ബഹ്‌റൈനിൽ നിന്നുള്ള സമയോചിതമായ പിന്തുണയ്ക്കും, ഐക്യദാർഢ്യത്തിനും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിൽ നിന്ന് 40 മെട്രിക് ടൺ ദ്രവ ഓക്‌സിജൻ അടങ്ങുന്ന 2 ക്രയോജനിക് കണ്ടൈനറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി INS തൽവാർ എന്ന ഇന്ത്യൻ നാവികസേനാ കപ്പൽ കഴിഞ്ഞ ദിവസം മനാമ പോർട്ടിലെത്തിയിരുന്നു. INS കൊൽക്കത്ത ബഹ്റൈനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായി ഇന്ത്യൻ നാവികസേന സമാനമായ ദൗത്യങ്ങൾ മറ്റു രാജ്യങ്ങളിലേക്കും ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ ടാങ്കുകൾ എന്നിവ കൊണ്ടുവരുന്നതിനായി INS ജലാശ്വ ബാങ്കോക്കിലേക്കും, INS ഐരാവത് സിംഗപ്പൂരിലേക്കും യാത്ര തിരിച്ചതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
COVID-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഭാരതത്തിന് പിന്തുണ അറിയിച്ച് കൊണ്ട് യു എ ഇയിൽ നിന്ന് അയച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാൻ ബാഗ്ച്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Photo: @IndiaInBahrain