ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 ഓഗസ്റ്റ് 2-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Interior Ministry takes steps to strengthen traffic law penalties following HRH the Crown Prince and Prime Minister’s directiveshttps://t.co/OmyQ2Gkh6a
— Bahrain News Agency (@bna_en) August 2, 2025
ഈ അറിയിപ്പ് പ്രകാരം ബഹ്റൈനിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ, ഗുരുതരമായ റോഡപകടങ്ങൾ എന്നിവയ്ക്ക് ഗതാഗത നിയമത്തിന് കീഴിൽ അതിശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മരണത്തിനും, ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കുന്ന അപകടങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി നിലവിലെ ട്രാഫിക് നിയമങ്ങൾ വിശദമായി അവലോകനം ചെയ്യുന്നതിനും, ആവശ്യമായ കരട് ഭേദഗതികൾ നിർദ്ദേശിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് ബഹ്റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ലാഹ് അൽ ഖലീഫ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ചുമത്തുന്ന കുറഞ്ഞതും, കൂടിയതുമായ പിഴതുകകൾ ഭേദഗതി ചെയ്യുന്നതാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി പിഴതുകകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പിഴകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
മരണത്തിനും, ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കുന്ന റോഡപകടങ്ങൾ, റെഡ് സിഗ്നൽ ലംഘനം, വേഗപരിധി മറികടക്കൽ, എമെർജൻസി ലെയിനിലൂടെ ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയ്ക്കുള്ള പിഴ തുകകൾ വർധിപ്പിക്കുന്നതിനും അധികൃതർ ആലോചിക്കുന്നതായാണ് സൂചന.

