ബഹ്‌റൈൻ: അതിവേഗം വ്യാപിക്കുന്ന COVID-19 വൈറസിന്റെ വകഭേദം; ജനങ്ങളോട് ജാഗ്രത പുലർത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

Bahrain

അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫെബ്രുവരി 17-ന് രാത്രി നടന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ പത്ര സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി H.E ഡോ. വലീദ് ഖലീഫ അൽ മനീയയാണ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ പുലർത്തുന്ന കർശനമായ ജാഗ്രത കൊണ്ട് പോലും വൈറസ് വ്യാപനം തടയാൻ കഴിയുന്നില്ല എന്നതും, ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വലിയ വർദ്ധനവും സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ പേരുടെയും ഉത്തരവാദിത്വത്തോടെയുള്ള സഹകരണം ആവശ്യമാണെന്നതാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 12-ന് ബഹ്‌റൈനിൽ 896 പേർക്കാണ് COVID-19 രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപ് ദിനവും ഏകദേശം നൂറുപേരിൽ എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വൈറസ് വ്യാപനം ഇത്രയും ഉയർന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

പൊതുജനങ്ങൾ തുടരുന്ന വലിയ ഒത്ത്‌ചേരലുകളും, കുടുംബസംഗമങ്ങളും, പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളും രോഗവ്യാപനത്തിന്റെ തോത് കൂട്ടുന്നതായും അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് ചൂണ്ടിക്കാട്ടി. രോഗവ്യാപനത്തോടൊപ്പം, തീവ്രപരിചരണം ആവശ്യമാകുന്നവരുടെ എണ്ണവും, മരണങ്ങളുടെ എണ്ണവും കൂടുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വേഗത്തിൽ രോഗവ്യാപനത്തിനിടയാക്കാൻ വൈറസിന്റെ പുതിയ വകഭേദത്തിന് ശേഷിയുള്ളതിനാൽ പൊതുജനങ്ങളോട് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള COVID-19 രോഗബാധിതരിൽ, വ്യാപനശേഷി കൂടിയ വൈറസിന്റെ വകഭേദം വീണ്ടും കണ്ടെത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 13-ന് സ്ഥിരീകരിച്ചിരുന്നു.